District News
കൂരാച്ചുണ്ട്: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സർക്കാർ നടപടിക്കെതിരേ കെഎസ്യു ബാലുശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും സംഗമവും നടത്തി.
കേരളത്തിലെ ക്ലാസ് മുറികൾ സംഘ പരിവാർ നിർമിത ചരിത്രം പഠിക്കേണ്ടുന്ന ഇടങ്ങൾ ആക്കി മതേതര കേരളത്തെ ആർഎസ്എസ് ശക്തിക്ക് അടിയറവ് പറയുന്ന തരത്തിലാണ് കേരള ഭരണകൂടം പ്രവർത്തിക്കുന്നതെന്നും ഇതിനെ മത നിരപേക്ഷ കേരളം ചെറുത്തു തോൽപിക്കുമെന്നും കെഎസ്യു പ്രസ്ഥാവിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ സജി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫായിസ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിബിൽ കല്ലട, ഇ.എം. ആസിൽ, ആകാശ് കായണ്ണ, വിഷ്ണു പനങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കേരളത്തിലെ വിദ്യാഭ്യാസനയം അട്ടിമറിക്കുവാൻ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ കൂരാച്ചുണ്ടിൽ യൂത്ത് ലീഗും, എംഎസ്എഫും സംയുക്തമായി പ്രതിഷേധ റാലി നടത്തി.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം വി.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. പി.കെ. ജിൻസിൽ അധ്യക്ഷത വഹിച്ചു.
ഒ.കെ. നവാസ്, സിറാജ് പാറച്ചാലിൽ, സാദിഖ് കരേചാളക്കൽ, ഒ.കെ. റിഷൽ, ഷൗക്കത്ത് കക്കാട്ടുമ്മൽ, വി.എസ്. സൈഫുദ്ദീൻ, ഷഹൽ ആനിയോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദം ഇടതുമുന്നണിയിൽ കത്തുന്നതിനിടെ സിലബസിൽ മലക്കം മറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.
കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുകയെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ് താവന രാഷ് ട്രീയലക്ഷ്യംവച്ചുള്ളതാണ്. കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവന നടത്തുന്നത്.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള ഫണ്ട് വിനിയോഗിക്കാനാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്രസർക്കാരിന് അടിയറവയ്ക്കാനല്ല.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്രസത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവാറിനെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
District News
പത്തനംതിട്ട: ശക്തമായി എതിർത്ത പിഎം ശ്രീ പദ്ധതി ഘടകകക്ഷികളുടെ എതിർപ്പിനെപ്പോലും അവഗണിച്ച് അടിയന്തരമായി അംഗീകരിച്ച് ഒപ്പിടാൻ കേരളത്തിലുണ്ടായ സാഹചര്യം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെപിഎസ്ടിഎ ജില്ലാ സമിതി ആവശ്യപ്പെട്ടു.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെപ്പോലെ കേന്ദ്രനയത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുന്നതിനു പകരം കേരളത്തിന്റെ തനത് വിദ്യാഭ്യാസ നയത്തെയും പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തെയും കാവിവത്കരിക്കാൻ കേന്ദ്രത്തിന് വിട്ടു നൽകിയതിന്റെ വിശദീകരണം സർക്കാർ നൽകിയേ മതിയാകൂവെന്നും കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
രാജ്യത്തെ മികച്ച വിദ്യാലയങ്ങൾ തന്നെയാണ് പിഎംശ്രീ വിദ്യാലയങ്ങളാക്കാൻ തെരഞ്ഞെടുക്കുന്നത്. കാലങ്ങൾക്കു മുമ്പ് വിവിധ സർക്കാരുകളോ, മാനേജ്മെന്റുകളോ, വ്യക്തികളോ സ്ഥാപിച്ച വിദ്യാലയങ്ങളാണ് ഇവയെല്ലാം.
പിഎംശ്രീ പദ്ധതിവഴി കേരളത്തിലെ നിലവിലെ മികച്ച 336 വിദ്യാലയങ്ങൾ കോടിക്കണക്കിന് രൂപ ചെലവ് ചെയ്ത് വീണ്ടും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുമ്പോൾ സമീപപ്രദേശങ്ങളിലെ സാധാരണ വിദ്യാലയങ്ങൾ, ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം വിദ്യാർഥികളുടെ ദൗർലഭ്യം കൊണ്ട് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും.
തെറ്റ് തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറാനുള്ള നീക്കങ്ങൾ സർക്കാർ നടത്തണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി. ജി. കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ട നടപടിയെ അനുകൂലിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിൽ തെറ്റില്ല എന്നാണ് തോമസ് കെ. തോമസ് പ്രതികരിച്ചത്.
"കേന്ദ്ര സഹായം ഔദാര്യമല്ലെന്നും നമുക്ക് കിട്ടേണ്ട പണം കിട്ടണം, വിദ്യാഭ്യാസ മേഖലയിൽ പണം കിട്ടാൻ വേണ്ടി ഒപ്പിട്ടതിൽ തെറ്റില്ല. വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന് സഹായിക്കും എന്നും വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.'-തോമസ് കെ. തോമസ് പറഞ്ഞു.
സിപിഐയുടേത് എതിർപ്പാണോ, വ്യത്യസ്ത അഭിപ്രായം ആണോ എന്നറിയില്ല, തെറ്റായ കാര്യമാണെങ്കിൽ ഒപ്പിടാൻ മുഖ്യമന്ത്രിയോ മന്ത്രി ശിവൻ കുട്ടിയോ അനുമതി നൽകുമോ? മുന്നണിയിൽ നിന്നു കൊണ്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നത് ശരിയായ രീതിയല്ല. നിലപാട് എൽഡിഎഫിൽ അറിയിക്കും എന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിദ്യാർഥികളുടെ
ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്എഫ്ഐ. എൻഇപിയിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവൽകരണത്തെ കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് മന്ത്രി വി. ശിവൻകുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസർക്കാർ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണത്തെ കേരളത്തിൽ പൂർണമായി പ്രതിരോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് മന്ത്രി ശിവൻകുട്ടിക്ക് ഇതുസംബന്ധിച്ച കത്ത് കൈമാറുന്ന ചിത്രവും എസ്എഫ്ഐ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പിഎം ശ്രീയിൽ ചേർന്ന കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. എൻഇപിയുടെ ഭാഗമായ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായകമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെ കേരള സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പങ്കുവച്ചത്.
എൻഇപിയുടെ ഭാഗമായ പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി വളർത്തിയെടുക്കുന്നതിനും പ്രവർത്തന മികവ് ഉയർത്തുന്നതിനും ഈ ഒരു പദ്ധതിയിലേക്കുള്ള കൂടിച്ചേരൽ നിർണായകമാകുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എക്സിൽ കുറിച്ചു.